ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇളയിടത്തു സ്വരൂപം എന്ന പേരില്‍ ചരിത്രതാളുകളില്‍ സ്ഥാനം പിടിച്ച കൊട്ടാരക്കര രാജാവിന്റെ ഭരണമണ്ഡലത്തില്‍പ്പെട്ട ഇടമായിരുന്നു പട്ടാഴി. പണ്ടും ഇപ്പോഴും പട്ടാഴി പുറനാടുകളില്‍ അറിയപ്പെടുന്നത് ഇവിടുത്തെ ഭഗവതി ക്ഷേത്രത്തിന്റെ പ്രസിദ്ധിയിലൂടെയാണ്. പ്രാചീനകാലത്ത് ഗ്രാമപ്രദേശങ്ങള്‍ കാര്‍ഷികപരമായും മറ്റുവിധത്തിലും വികാസം പ്രാപിക്കുമ്പോഴാണ് ക്ഷേത്രങ്ങള്‍ രൂപം പ്രാപിച്ചു വന്നത്. ബ്രഹ്മസ്വംദേവസ്വം എന്നിങ്ങനെയുള്ള  സ്വത്തു വിഭജനത്തില്‍  ഇവിടെ ദേവസ്വത്തിന് പ്രാമുഖ്യം വരികയും പട്ടാഴി ദേവസ്വം  കേരളക്കരയിലെ  പ്രധാന ദേവസ്വങ്ങളുടെ പട്ടികയില്‍പ്പെടുകയും ചെയ്തിരുന്നു. ഗ്രാമഭരണസിരാകേന്ദ്രവും ക്ഷേത്രസങ്കേതം തന്നെ. കിഴക്ക് പത്തനാപുരം  തലവൂര്‍ പ്രദേശങ്ങളും തെക്ക് മൈലവും താമരക്കുടിയും പടിഞ്ഞാറ് കുളക്കടഗ്രാമവും വടക്ക് കൈതപ്പറമ്പ് കുന്നടകുറമ്പകര എന്നീ സ്ഥലങ്ങളും അതിരായുള്ള 16 ചതുരശ്രമൈല്‍ സ്ഥലം മുഴുവന്‍ തന്നെ പട്ടാഴി ദേവസ്വം വകയായിത്തീര്‍ന്നു. പ്രബലനും  മന്ത്രതന്ത്രവിദഗ്ദ്ധനുമായിരുന്നു മണ്ണടി കാമ്പിത്താന്‍, കായംകുളം രാജ്യം പിടിച്ചടക്കുന്നതിന് മാര്‍ത്താണ്ഡവര്‍മ്മയെ സഹായിച്ചതിന്റെ പേരിലാണെന്നു പറയുന്നു പട്ടാഴിദേശം മുഴുവനായി തന്റെ രാജാധികാരമുള്‍പ്പെടെ പട്ടാഴിദേവിക്ക് ചെമ്പുപട്ടയത്തില്‍ രേഖ ചമച്ചു ദാനമായി നല്കുകയുണ്ടായി. ചെമ്പുപട്ടയം ഇപ്പോഴും ക്ഷേത്രഭണ്ഡാരത്തില്‍  സൂക്ഷിച്ചിട്ടുണ്ട്. കാമ്പിത്താന്‍ പട്ടാഴി പ്രദേശത്തിന്റെയും ക്ഷേത്രത്തിന്റെയും ഭരണാധിപനായി. രാജ്യത്തുള്ള മറ്റുപ്രദേശങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ  ഒരു ഭരണസമ്പ്രദായം വര്‍ഷങ്ങളോളം  പട്ടാഴിയില്‍ നിലനിന്നതായി  രേഖകള്‍ സാക്ഷ്യം വഹിക്കുന്നു. കാമ്പിത്താന്റെ ആസ്ഥാനം ആരംഭദശയില്‍ മണ്ണടിയിലായിരുന്നെങ്കിലും തുടര്‍ന്ന് പട്ടാഴിയില്‍ സ്ഥിരവാസമാരംഭിച്ചു. നദിയുടെ ഇരുകരകളിലുമുള്ള പ്രദേശത്തെ കിഴക്കേക്കരപ്പുറമെന്നും പടിഞ്ഞാറെക്കരപ്പുറമെന്നും രണ്ടായി വേര്‍തിരിച്ച് ഓരോ കരപ്പുറത്തിനും കരനാഥനെ നിശ്ചയിച്ചിരുന്നു. കിഴക്കേക്കരപ്പുറത്തിന്റെ നായകന്‍ കൊട്ടയ്ക്കാട്ടുമില്ലാക്കാരനുമായിരുന്നു. പാരമ്പര്യമനുസരിച്ച് പദവി തീര്‍ച്ച ചെയ്തുവന്നു.  ക്ഷേത്രഭരണത്തിന് നാല് ഊരാണ്മക്കാരെയും  ഈ വ്യവസ്ഥയില്‍ നിശ്ചയിച്ചു. ആലപ്രത്ത്  പോറ്റികിഴേ വീട്ടില്‍ മാടമ്പിമായപ്പള്ളിമഠംവരിക്കോലിത്താന്‍ ഇങ്ങനെ നാലുകുടുംബക്കാര്‍ മൊത്തം ജനപ്രതിനിധികളായി ഇരുപത്തിനാലു പേര്‍ എല്ലാ മലയാളമാസം ഒന്നാംതിയതിതോറും ഭരണസിരാകേന്ദ്രമായ  ക്ഷേത്ര സങ്കേതത്തില്‍ സഭ ചേര്‍ന്ന് കാര്യാലോചന നടത്തും. തീരുമാനങ്ങളെടുത്ത് അതാതു വകുപ്പ് മേധാവികളെ അറിയിക്കുന്നു. അവര്‍ സമയബന്ധിതമായി ചുമതലകള്‍ നിര്‍വ്വഹിക്കുന്നു. ദേശഭാഗമെന്നപേരിലറിയപ്പെടുന്ന പാട്ടംകുഴിക്കോണം എന്നിവ അനുഭവക്കാരില്‍ നിന്ന് പിരിച്ചെടുത്ത് കേന്ദ്രകാര്യാലയത്തില്‍ എത്തിക്കുന്നത് മില്ലക്കാരന്മാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നിശ്ചിത കുടുംബാംഗങ്ങളാണ്. ക്ഷേത്രകാര്യദര്‍ശിത്വം ചന്ത്രകാരന്‍ എന്ന ഉദ്യോഗസ്ഥനാണ്.